നയന്‍ വണ്‍ സിക്സ് ചിത്രീകരണം തുടങ്ങുന്നു |
മാണിക്യകല്ല്, കഥപറയുമ്പോള്‍ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം എം. മോഹനന്‍ സംവിധാനം ചെയ്യുന്ന നയന്‍ വണ്‍ സിക്സ് അണിയറയില്‍ ഒരുങ്ങുന്നു. മാറ്റ് കുറഞ്ഞാല്‍ സ്വര്‍ണത്തിന്‍റെ മൂല്യം കുറയും. അതുപോലെ തന്നെ കുടുംബ ബന്ധങ്ങളുടെ മാറ്റ് കുറയുന്നത് കുടുംബത്തില്‍ അസ്വസ്ഥത സൃഷ്ടിക്കും. ഈ വിഷയത്തിന് പ്രാധാന്യം കൊടുത്താണ് നയന്‍ വണ്‍ സിക്സ് പ്രേക്ഷകന്‍റെ മുന്നിലേക്ക് എത്തുന്നത്.
ചിത്രത്തിന്‍റെ തിരകഥ ഒരുക്കുന്നതും സംവിധായകന്‍ തന്നെയാണ്. രോഗികള്‍ക്ക് സേവനം ചെയ്യുന്ന കൈ കൊണ്ട് കൈക്കൂലി വാങ്ങില്ലെന്ന് ദൃഢനിശ്ചയം ചെയ്ത ഡോക്ടര്‍ രവികുമാര്‍, നാട്ടില്‍ രോഗികളുടെ എണ്ണം കുറഞ്ഞുകിട്ടാന്‍ കാത്തിരിക്കുന്ന ഡോക്ടര്‍ രമേശ്. ഇവര്‍ക്കിടയില്‍ തൊഴില്‍രഹിതനായി അലയുന്ന പ്രശാന്ത് എന്ന ചെറുപ്പക്കാരന്‍ എന്നീ കതാപാത്രങ്ങളിലൂടെയാണ് സിനിമ പുരോഗമിക്കുന്നത്. തന്‍റെ മുന്‍ ചിത്രങ്ങള്‍ പോലെ തന്നെ കുടുംബ ബന്ധങ്ങള്‍ക്ക് പ്രാധാന്യം കൊടുത്താണ് ഈ സിനിമയും ഒരുക്കുന്നതെന്ന് സംവിധായകന്‍ എം മോഹനന്‍ വ്യക്തമാക്കി.
ഡോക്ടര്‍ രമേശായി മുകേഷ്,ഡോക്ടര്‍ രവികുമാറായി അനൂപ് മേനോന്‍, പ്രശാന്തായി ആസിഫ് അലി എന്നിവരാണ് ഈ ചിത്രത്തിന്‍റെ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു . സലിംകുമാര്‍, ബാബുരാജ്, ഇന്ദ്രന്‍സ്, ലക്ഷ്മി ഗോപാലസ്വാമി, ഡോക്ടര്‍ ചന്ദ്ര, മാളവിക മേനോന്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഐശ്വര്യ-സ്‌നേഹ മൂവിസിന്‍റെ ബാനറില്‍ കെ.വി. വിജയകുമാര്‍ പാലക്കുന്ന് ചിത്രം നിര്‍മിക്കുന്നു. അനില്‍ പനച്ചൂരാന്‍, റഫീക്ക് അഹമ്മദ്, രാജീവ് നായര്‍ എന്നിവരുടെ ഈരടികള്‍ക്ക് എം ജയചന്ദ്രന്‍ ഈണം പകരുന്നു. ഈ മാസം അവസാനത്തോടെ കോഴിക്കോട് ചിത്രീകരണം ആരംഭിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.